Kerala
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ വിജയം ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ് മോദിക്ക് മുന്നെ അമിത് ഷാ എത്തുന്നത്.
ഈ മാസം 11 നാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുക. പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബിജെപി അംഗങ്ങളെയെല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രി നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും.
തിരുവനന്തപുരത്ത് നടക്കുന്ന വിപുലമായ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ പാർട്ടി ഭാരവാഹികളും പങ്കെടുക്കും. കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ നിർണായകമായ തദ്ദേശ വിജയത്തിന് പിന്നാലെ അമിത് ഷാ എത്തുന്നതിനെ ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ കാണുന്നത്. അതുകൊണ്ടുതന്നെ ഷാ എത്തുന്ന പരിപാടി വലിയ ആഘോഷമാക്കി മാറ്റാനാണ് സംസ്ഥാന ഘടകത്തിന്റെ നീക്കം.
Kerala
തിരുവനന്തപുരം: കേന്ദ്രം കേരളത്തെ വരിഞ്ഞു മുറുക്കുന്നുവെന്നും അർഹമായ വിഹിതവും വായ്പ വെട്ടി കുറച്ചും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി. കേരളത്തിന്റെ വികസന മാതൃകയെ തകർക്കുകയാണ് ഈ നടപടികൾക്ക് പിന്നിലെ ഉദ്ദേശമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര വിഹിതത്തിലെ വിവേചനം ബജറ്റിനെ തന്നെ ബാധിക്കുന്നു. ആകെ റവന്യു വരുമാനത്തിന്റെ 70ശതമാനം സംസ്ഥാനം തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി , പെൻഷൻ കമ്പനി വായ്പകളുടെ പേരിൽ പൊതു കട പരിധിയിൽ കുറവ് വരുത്തി. കേന്ദ്രത്തിന്റെ നെറ്റ് ബോറോവിങ്ങ് സീലിങ്ങ് 39000 കോടിയാക്കി വെട്ടി കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സമീപനം മൂലം ഒരു ലക്ഷത്തിൽ പരം കോടി രൂപയുടെ വിഭവ നഷ്ടമാണ് സംഭവിച്ചത്. കൃത്യമായ സാമ്പത്തിക ഉപരോധമാണിത്. സുതാര്യമായി നടക്കുന്ന സംസ്ഥാന ലോട്ടറിയെ പോലും തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ അക്കമിട്ട് നിരത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് വിശദമായ നിവേദനം നൽകിയിരുന്നു. എന്നാൽ നിഷേധാത്മക നിലപാടാണ് തുടർന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂറ്റപ്പെടുത്തി.
ഒരു വശത്ത് വികസനത്തെ കുറിച്ച് സംസാരിക്കുകയും മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി തളർത്താൻ ശ്രമക്കുന്ന ഇരട്ടത്താപ്പാണ് കേന്ദ്രത്തിന്റേതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
National
ന്യൂഡൽഹി: മലയാളിയായ പി.ആർ. രമേശ് കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി നിയമിതനായി. ഓപ്പൺ മാഗസിൻ മാനേജിംഗ് അദ്ദേഹം,
ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്. തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ് രമേശ്.
പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ആറ് പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റും. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50000 രൂപ പിഴയും ആണ് വിധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റീസ് ഹണി എം. വർഗീസാണ് ശിക്ഷ വിധിപ്രസ്താവം നടത്തിയത്.
കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റണമെന്ന് രണ്ടാം പ്രതി മാർട്ടിൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്ന് പരിഗണിച്ചില്ല. അതിന് പ്രത്യേക അപേക്ഷ നൽകണമെന്നാണ് കോടതി പറഞ്ഞത്.
Kerala
തിരുവനന്തപുരം: സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി. ആലപ്പുഴ സ്വദേശി ഹരിദാസ് (58) എന്നയാളാണ് മരിച്ചത്.
ജയിലിലെ നിർമാണ യൂണിറ്റിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്നു ഹരിദാസ്.
ജയിൽ കോമ്പൗണ്ടിനകത്തുള്ള നിർമാണ യൂണിറ്റിൽ ഇന്ന് രാവിലെ 7.30-നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില് ഒപ്പിട്ടതിന് പിന്നാലെ തടഞ്ഞുവച്ചിരുന്ന എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടാണിത്. 17 കോടി കൂടി കിട്ടാനുണ്ട്. അത് ഈ ആഴ്ച ലഭിച്ചേക്കും. പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല. നമുക്ക് കാര്യം നടന്നാൽ മതി. നിയമോപദേശം കിട്ടിയാൽ ഉടൻ കേന്ദ്രത്തിന് കത്തയയ്ക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവ് ഇറക്കി. കത്ത് വൈകുന്നു എന്ന വിഷമം സിപിഐക്കില്ല. ചില പത്രങ്ങൾക്ക് വലിയ വിഷമമാണ്. പ്രശ്നം തീർന്നല്ലോ എന്ന് കരുതി ചിലർ ഏങ്ങിയേങ്ങി കരയുകയാണെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില് സംസ്ഥാന സര്ക്കാര് ഒപ്പിട്ടത് നിലവിൽ നേട്ടമായിരിക്കുകയാണ്. കേരളം സമര്പ്പിച്ച 92.41 കോടി രൂപയിൽ 109 കോടി രൂപയിലാണ് ഈ തുക അനുവദിച്ചത്. നോണ് റക്കറിംഗ് ഇനത്തില് 17 കോടിയാണ് ഇനി കിട്ടാനുള്ളത്.
കരാറിൽനിന്ന് സര്ക്കാര് പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. നിലവില് കത്ത് വൈകിപ്പിച്ചത് നേട്ടമായിരിക്കുകയാണ്. എന്നാല് പദ്ധതിയില്നിന്ന് പിന്മാറുന്നതിലെ കാര്യത്തില് സംശയങ്ങൾ നിലനില്ക്കുന്നുണ്ട്. ഫണ്ട് കിട്ടിയതോടെ സിപിഐക്കും വിഷയത്തില് കടുത്ത എതിർപ്പ പ്രകടിപ്പിക്കാനാകില്ല. കത്ത് അയക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. എന്നാല് ഇതുവരെ കത്ത് അയക്കാതെ കേരളം വൈകിപ്പിക്കുകയായിരുന്നു.
മാധ്യമങ്ങളില് വന്ന വാര്ത്തയല്ലാതെ പിഎം ശ്രീയില്നിന്നു കേരളം ഔദ്യോഗികമായി പിന്മാറി എന്നത് സംബന്ധിച്ച് കേന്ദ്രത്തിന് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്രത്തിന് കത്തയയ്ക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉടന് കത്തയയ്ക്കും എന്നാണ് വിദ്യാഭ്യാസമന്ത്രി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദ്ധതിയുടെ ആദ്യഗഡു സംസ്ഥാനത്തിന് ലഭിച്ചത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിച്ചത് ഉചിതമായ തീരുമാനമെന്ന് സിപിഎം ദേശീയ ജനറല് സെക്രട്ടറി എം.എ.ബേബി. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തിലെ കാര്യങ്ങള് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്. തര്ക്കം നന്നായി പര്യവസാനിച്ചത് എല്ലാവര്ക്കും നല്ലതാണ്. ധാരണപത്രത്തില് ഉപസമിതി എല്ലാ കാര്യത്തിലും വ്യക്തത വരുത്തും.
മന്ത്രി വി.ശിവന്കുട്ടിയും എംവി.ഗോവിന്ദനും നടത്തിയ പരാമര്ശങ്ങളെക്കുറിച്ച് അവര് തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില് കുടുതലായി പറയാന് താന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Kerala
കാസർഗോഡ്: പിഎം ശ്രീ പദ്ധതിയിൽനിന്ന് കേരളം പിന്മാറുന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കാസർഗോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്കൂളുകളെ തകർക്കാനാണ് ഈ പിൻമാറ്റം. ഇതു തുടർന്നാൽ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലെ സ്കൂളുകളെ തേടിപ്പോകുന്ന സാഹചര്യം ഉണ്ടാകും. പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണ്. ഈ കരാറിൽനിന്ന് സർക്കാർ പിന്മാറില്ലെന്നാണ് കരുതുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എല്ലാ വർഷവും നൽകുന്ന സഹായത്തിന്റെ ഭാഗമായി 2022-23 കാലയളവിൽ സർക്കാർ സ്കൂളുകളുടെ വികസനത്തിനായി 1071 കോടി രൂപയാണ് കേന്ദ്രം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സ്കൂളുകൾ സ്മാർട്ട് സ്കൂളുകൾ ആയത്. അത് മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. പദ്ധതിയിൽനിന്ന് പിന്മാറിയാൽ സർക്കാർ സ്കൂളിന് വളർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സമവായമായതിനു പിന്നാലെ നിർണായക മന്ത്രിസഭായോഗം ആരംഭിച്ചു. സിപിഐയുടെ നാലു മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. മന്ത്രിസഭായോഗത്തിൽ പ്രശ്ന പരിഹാര ഫോർമുലയ്ക്ക് അന്തിമരൂപം നല്കും.
സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയാറായതോടെയാണ് പിഎം ശ്രീ പദ്ധതിയില് സമവായ സാധ്യത തെളിഞ്ഞത്. സിപിഐയുടെ എതിര്പ്പ് കണക്കിലെടുത്ത് പദ്ധതി തല്ക്കാലം മരവിപ്പിക്കാമെന്ന് സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. പദ്ധതി വിലയിരുത്താനായി ഉപസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനുള്ള സർക്കാർ തീരുമാനം സിപിഐയെ മയക്കാനുള്ള മയക്കുവെടി മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മയക്കുവെടിയേറ്റോ എന്ന് പറയേണ്ടത് സിപിഐ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ഒത്തുതീർപ്പിന് വേണ്ടിയുള്ള അടവുനയം മാത്രമാണിത്. ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിനേ അവകാശമുള്ളൂ. മരവിപ്പിക്കാം എന്ന നിർദേശം പ്രായോഗികമല്ല. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ബിജെപി- സിപിഎം ഒത്തുകളി പകൽ പോലെ വ്യക്തമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലി എൽഡിഎഫിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പദ്ധതിയിൽനിന്നു പിന്മാറണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചു നിൽക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു സിപിഐ മന്ത്രിമാരെ പിൻവലിക്കാനുള്ള കടുത്ത നിലപാടിലാണ് സിപിഐ നേതൃത്വം.
മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെ മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നാണ് സിപിഐ യുടെ ആരോപണം. തങ്ങളുടെ ആതമാഭിമാനത്തിനേറ്റ മുറിവാണ്. സിപിഐ സംസ്ഥാന നേതൃത്യത്തിനോടു പോലും ചർച്ച ചെയ്യാതെ ഇടതുനയങ്ങൾക്ക് വിരുദ്ധമായാണ് ധാരണാപത്രത്തിൽ അതീവ രഹസ്യമായി ഒപ്പിട്ടതെന്നാണു സിപിഐ പറയുന്നത്.
പിണങ്ങി നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കാട്ടി കേന്ദ്രത്തിനു കത്ത് നൽകണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച തീരുമാനിച്ചത്.
അതേസമയം ധാരണാപത്രത്തിൽ ഒപ്പിട്ടതിനെച്ചൊല്ലി വിചിത്ര ന്യായീകരണങ്ങളാണ് മന്ത്രി വി. ശിവൻകുട്ടി നിരത്തുന്നത്. ഒപ്പിട്ടതു പേരിനുവേണ്ടി മാത്രമാണെന്നാണ് മന്ത്രി ന്യായീകരിച്ചത്.
എൻഇപി നടപ്പാക്കില്ലെന്ന് മന്ത്രി പറയുന്നു. സിപിഐ യെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് മന്ത്രി ശിവൻകുട്ടിയുടെ വാദങ്ങൾ. ദേശാഭിമാനി പത്രത്തിൽ ഒപ്പിട്ടതിനെ ന്യായീകരിച്ചു ശിവൻകുട്ടി ലേഖനം എഴുതിയിട്ടുണ്ട്. പാർട്ടിയുടെ മലക്കംമറിച്ചിലിൽ സിപിഎമ്മിലെ അണികൾക്കും നേതാക്കൾക്കും അമർഷം ഉണ്ട്.
Kerala
തിരുവനന്തപുരം: പിഎം ശ്രീയിൽ ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങൾ ശബരിമല സ്വര്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്. സ്കൂളുകളെ മികവുറ്റ കേന്ദ്രമാക്കാനുള്ള പദ്ധതിയാണ്. അഞ്ചുവര്ഷം അത് നടപ്പാക്കാതെ വെച്ചു. ഏറ്റവുമൊടുവിൽ ഒപ്പുവച്ചിട്ട് സിപിഎം-സിപിഐ പരസ്പരം പഴിചാരൽ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെടുമെന്നും ദേവസ്വം ബോര്ഡ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സമരം തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി സിപിഐ. പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കില് മന്ത്രിമാരെ പിന്വലിക്കണമെന്ന നേതാക്കളുടെ അഭിപ്രായത്തെത്തുടര്ന്ന് മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചു.
മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ജി.ആര്. അനിലും ചിഞ്ചുറാണിയുമാണ് രാജി സന്നദ്ധത പാര്ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പാര്ട്ടി പറഞ്ഞാല് എന്തിനും തയാറാണെന്നാണ് മന്ത്രിമാരും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തുടക്കം കുറിച്ച പദ്ധതികളുടെ ഫയല് വര്ക്കുകള് വേഗത്തിലാക്കാന് നാലു മന്ത്രിമാരും തങ്ങളുടെ ഓഫീസ് ജീവനക്കാര്ക്കു നിര്ദേശം നല്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന കേന്ദ്ര സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ സർക്കാർ നടപടിക്കെതിരേ കനത്ത രോക്ഷമാണ് ഉയർന്നത്. പിഎം ശ്രീയിൽ ഒപ്പിട്ടു എന്നു മാത്രമായി വിഷയത്തെ ചുരുക്കേണ്ടെന്നും ബിജെപിയുടെ നയങ്ങൾ അംഗീകരിക്കുന്നവരായി എൽഡിഎഫ് സർക്കാർ മാറിയതിനെതിരേയാണ് പ്രതികരിക്കേണ്ടതെന്നുമുള്ള വികാരമാണ് യോഗങ്ങളിൽ ഉണ്ടായത്.
കേരളത്തിൽനിന്നുള്ള കെ. പ്രകാശ് ബാബുവാണ് നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചത്. വിഷയത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് ആലപ്പുഴയിൽ നടക്കുകയാണ്. യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നു തന്നെയാണ് സൂചന. മന്ത്രിമാരെ പിൻവലിക്കുമോ അതോ മുന്നണിയിൽ നിന്നുതന്നെ മാറിനിൽക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകും: ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആശയപരമായും നയപരമായും മുന്നോട്ട് പോകും. മുഖ്യമന്ത്രി തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വിളിച്ചെന്ന വാര്ത്തകള് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്കു മറുപടിയായാണ് ഇക്കാര്യങ്ങള് പറഞ്ഞത്.
സിപിഐ നിലപാടുകള് ഉള്ള പാര്ട്ടി: മന്ത്രി കെ.രാജന്
തിരുവനന്തപുരം: പിഎം ശ്രീക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നു മന്ത്രി കെ. രാജന്. നിലപാടുകളുള്ള പാര്ട്ടിയാണ് സിപിഐ. പാര്ട്ടിയുടെ നിലപാടുകള് എല്ലാം സംസ്ഥാന സെക്രട്ടറി പറയും.
എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് സിപിഐക്കു കൃത്യമായ നിലപാടും ധാരണയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് പറഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തുടങ്ങി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില് സിപിഐയുടെ എതിര്പ്പ് പരിഹരിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എകെജി സെന്ററില് രാവിലെ തുടങ്ങി. പ്രശ്നപരിഹാരത്തിനാണ് യോഗമെന്നു സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. മന്ത്രിമാരെ ഉള്പ്പെടെ പിന്വലിക്കാനുള്ള കടുത്ത നിലപാടുമായി സിപിഐ മുന്നോട്ട് പോകുന്നതിനിടെയാണ് സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് കൂടുന്നത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദം ഇടതുമുന്നണിയിൽ കത്തുന്നതിനിടെ സിലബസിൽ മലക്കം മറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.
കേരള സിലബസിന്റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുടർന്നും നൽകുകയെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ് താവന രാഷ് ട്രീയലക്ഷ്യംവച്ചുള്ളതാണ്. കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതിനാലാണ് ഇത്തരം പ്രസ്താവന നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള ഫണ്ട് വിനിയോഗിക്കാനാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്രസർക്കാരിന് അടിയറവയ്ക്കാനല്ല.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്രസത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവാറിനെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവച്ചതിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം. പദ്ധതിയിൽ ഒപ്പുവച്ച വാർത്ത അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമാണെന്നും ഇത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങുന്നത് സംസ്ഥാനത്തിന്റെ ഫെഡറൽ ജനാധിപത്യം അടിയറ വയ്ക്കുന്ന നടപടിയാണ്. പദ്ധതി സംബന്ധിച്ച് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ രണ്ടുതവണ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ, ചർച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന നടപടിയാണ് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നതിലൂടെ ഉണ്ടായത്. അത് വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സിപിഐ പോലും അറിയാതെയാണ് പിഎം ശ്രീ പദ്ധതിയിൽ സര്ക്കാര് ഒപ്പുവച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ഒപ്പുവച്ചത്. സിപിഎം- ബിജെപി ബന്ധത്തിന് ഇടനിലയായിരിക്കുകയാണ് പിഎം ശ്രീയെന്നും സതീശൻ കൂട്ടിച്ചേർത്തു.
സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണ്. നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പ് വച്ചിരിക്കുന്നത്. ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ല. സിപിഐയേക്കാൾ വലുതാണ് സിപിഎമ്മിന് ബിജെപി എന്ന് തെളിയിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഇടതു മുന്നണിയിൽ പൊട്ടിത്തെറി. സിപിഐയുടെ കടുത്ത എതിർപ്പിനു പുല്ലുവില നൽകി വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചതാണ് ഇടതുമുന്നണിയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.
സിപിഐ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സിപിഎം വിഷയം കൈകാര്യം ചെയ്തതെന്ന വികാരമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. ഒരു ഘടകകക്ഷിയോടു കാണിക്കേണ്ട യാതൊരു മര്യാദയും പ്രകടിപ്പിക്കാതെ സിപിഎം പിഎംശ്രീയിൽ ഒപ്പുവച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിലും പരസ്യമായും പദ്ധതിയോടുള്ളഎതിർപ്പ് സിപിഐ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇടതു മുന്നണിയിൽ ചർച്ച ചെയ്യാൻ സിപിഎം തയാറായില്ല.ആർജെഡിക്കും നീരസം
ഇടതു മുന്നണിയിലുള്ള ആർജെഡിയും ഇക്കാര്യത്തിൽ നീരസം പരസ്യമായി പ്രകടിപ്പിച്ചു. പദ്ധതി സംബന്ധിച്ച് ഇടതുമുന്നണിയിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആർജെഡിയും തുറന്നടിച്ചു. രാവിലെ മാധ്യമങ്ങളെ കണ്ട മന്ത്രി കെ.രാജൻ പാർട്ടിയുടെ നിലപാട് സെക്രട്ടറി ബിനോയി വിശ്വം പറയുമെന്നാണ് അറിയിച്ചത്.
ഇതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട സന്തോഷ്കുമാർ എംപി കടുത്ത വിമർശനമാണ് സിപിഎമ്മിനെതിരേ ഉയർത്തിയത്. ഗോളി തന്നെ ഗോൾ അടിക്കുന്ന ഇടപാടാണ് നടന്നത്, മുന്നണിമര്യാദയുടെ ലംഘനം, തലയിൽ മുണ്ടിട്ടുപോയി ഒപ്പിട്ടു എന്നിങ്ങനെ രൂക്ഷമായ പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്.
എഐഎസ്എഫ് രംഗത്ത്
സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടു വിമർശിച്ചു രംഗത്തുവന്നു. വഞ്ചനാപരമായ നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്നായിരുന്നു അവരുടെ വിമർശനം. ഇതിനിടെ. സിപിഐ അടിയന്തര യോഗം ചേർന്നേക്കുമെന്നു സൂചനയുണ്ട്.
ഒപ്പം ഇടതുമുന്നണിയിലെ മറ്റു കക്ഷികളുമായും സംസാരിക്കും. തുടർന്ന് എതിർപ്പ് മുഖ്യമന്ത്രിയെ അറിയിക്കാനാണ് നീക്കം. വിഷയത്തിൽ സിപിഐ സെക്രട്ടറി മാധ്യമങ്ങളെ കാണും. വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിക്കുകയാണ് വിദ്യാഭ്യാസമന്ത്രിയുടെ ലക്ഷ്യമെന്നു കരുതുന്നു.
ഞെട്ടലിൽ ഇടതുകേന്ദ്രങ്ങൾ
അതേസമയം, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സമയത്ത് മുന്നണിയിലുണ്ടായ കലഹം ഇടതുകേന്ദ്രങ്ങളെ അന്പരപ്പിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്തും പരസ്പരം സംസാരിച്ചും തീർക്കുന്നതിനു പകരം പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോയതെന്ന ആക്ഷേപമാണ് ഉയരുന്നത്.
എടുത്തുചാടി പിഎംശ്രീയിൽ വിദ്യാഭ്യാസവകുപ്പ് ഒപ്പിടുമെന്ന് സിപിഐ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ചർച്ചയ്ക്കോ സമവായത്തിനോ ശ്രമിക്കാതെ പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടികളെടുത്തതെന്ന നിഗമനത്തിൽ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലേക്കു നീങ്ങിയിരിക്കുകയാണ് സിപിഐ.
സിപിഎമ്മിനേക്കാൾ ഭേദം കോൺഗ്രസ് ആണെന്ന ഗൗരവതരമായ അഭിപ്രായങ്ങൾ പോലും സിപിഐ യോഗത്തിൽ ഉയർന്നെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
Kerala
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവച്ച വിദ്യാഭ്യാസവകുപ്പിന്റെ നടപടിയിൽ സിപിഐക്ക് കടുത്ത അതൃപ്തി. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും.
മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. പ്രതിഷേധം കണക്കിലെടുക്കാതെ ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ വ്യാപക സമരം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ ഇടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വിശദീകരിക്കും.
Kerala
ന്യൂഡൽഹി: പിഎം ശ്രീ വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും. സിപിഐ ഉയർത്തിയ വിമർശനം അടക്കം എൽഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ കേന്ദ്രനിലപാട് ഒരു കാരണവശാലും കേരളം അംഗീകരിക്കില്ല. വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് മോദി സർക്കാർ. കേന്ദ്രനയം അംഗീകരിക്കാതെ എങ്ങനെ പദ്ധതിയുടെ ഗുണം സംസ്ഥാനത്തിന് ലഭ്യമാക്കും എന്നാണ് നോക്കുന്നതെന്നും എം.എ. ബേബി വ്യക്തമാക്കി.